രാജാക്കാട് : ഇടുക്കി രാജാക്കാട് കുത്തങ്കല്ലിന് സമീപം വട്ടക്കണ്ണിപ്പാറയിൽ ചെന്നൈയിൽ നിന്നെത്തിയ ടൂറിസ്റ്റ് മിനി ബസ് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ചെന്നൈയിൽനിന്ന് മൂന്നാർ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപെട്ടത്. ബുധൻ വൈകിട്ട് 4.20 ഓടെയായിരുന്നു അപകടം. കൊടുംവളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. ആറുകുട്ടികൾ ഉൾപ്പെടെ 20 പേരായിരുന്നു ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. അടിമാലിയിൽ നിന്നും നെടുങ്കണ്ടത്തു നിന്നും അഗ്നിരക്ഷാസേനയും ശാന്തൻപാറ, ഉടുമ്പൻചോല പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. എം എം മണി എംഎൽഎയും മറ്റ് ജനപ്രതിനിധികളും സംഭവസ്ഥലത്തും ആശുപത്രിയിലുമെത്തി.